'ഗുരുവന്ദനം'
അറിവ് പകര്‍ന്ന് ഒരു സമൂഹത്തിന് തന്നെ വെളിച്ചമായ അദ്ധ്യാപകര്‍ക്ക് ആദരമായ് അദ്ധ്യാപകദിനത്തില്‍ 'ഗുരുവന്ദനം' നടത്തി. നൂറ് കണക്കിന് കുട്ടികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന നിലത്തെഴുത്താശാന്‍ ചന്ദ്രശേഖരന് നായര്‍, പന്നിവിഴ എല്‍.പി.എസ്സിലെ മുന്‍ പ്രധാനാധ്യാപിക കുഞ്ഞമ്മ വര്‍ഗ്ഗീസ്, സെന്റ്.തോമസ് സ്കൂളിലെ പൂര്‍വ്വ പ്രധാനാധ്യാപകന് ജോര്‍ജ്ജ് വര്‍ഗ്ഗീസ് എന്നിവരെയാണ് കുട്ടികള്‍ ആദരിച്ചത്. കുട്ടികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ചടങ്ങില്‍ സ്കൂള്‍ ലീഡര്‍ നിഥിന് ജോണ്‍ ജോര്‍ജ്ജ് അദ്ധ്യക്ഷനായി. കുട്ടികള്‍ ആലപിച്ച മനോഹരമായ ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ അദ്ധ്യാപകദിനത്തിന്റെ പ്രസക്തിയും ഗുരുവിന്റെ മാഹാത്മ്യവും വ്യക്തമാക്കി ഡോ. എസ്. രാധാകൃഷ്ണനെ അനുസ്മരിച്ചു കൊണ്ട് വിദ്യാര്‍ത്ഥിനിയായ ഡീനാസ്റ്റാന്ലി നടത്തിയ ആമുഖ പ്രസംഗം ശ്രദ്ധേയമായി. തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സൂര്യ എസ്. നായര്‍ ആദരിക്കപ്പെടുന്ന അദ്ധ്യാപകര്‍ക്കും വേദിയില്‍ സന്നിഹിതരായവര്‍ക്കും സ്വാഗതം ആശംസിച്ചു. വിദ്യാര്‍ത്ഥിനികളായ മിനി. എസ്., ശ്രീപാര്‍വ്വതി, സിജി ജോണ്‍ എന്നിവര്‍ ആദരിക്കപ്പെടുന്ന അദ്ധ്യാപകരെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്നതിനായി വ്യക്തി വിവരണം അവതരിപ്പിച്ചു. തുടര്‍ന്ന് പ്രധാനാധ്യാപിക ശ്രീമതി ഡാര്‍ലി പാപ്പച്ചന് ആദര പ്രഭാഷണം നടത്തി. വിദ്യാര്‍ത്ഥിനികളായ ഡീന സ്റ്റാന്‍ലി, മനീഷാ മാത്യു, അന്ന അലക്സാണ്ടര്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗുരുസ്തോത്രം ഹാളില്‍ മുഴങ്ങി നില്‍ക്കവെ ശ്രീ.ചന്ദ്രശേഖരന് നായര്‍, ശ്രീമതി കുഞ്ഞമ്മ വര്‍ഗ്ഗീസ്, ശ്രീ. ജോര്‍ജ്ജ് വര്‍ഗ്ഗീസ് എന്നിവരെ സ്കൂള്‍ പാര്‍ലമെന്റ് അംഗങ്ങളായ കുട്ടികള്‍ പൊന്നാട അണിയിച്ചും ഉപഹാരം സമര്‍പ്പിച്ചും കാല്‍തൊട്ടു വണങ്ങി ആദരിച്ചു. തുടര്‍ന്ന് സേവനത്തിലിരിക്കെ അന്തരിച്ച സ്കൂളിലെ അദ്ധ്യാപിക ശ്രീമതി സില്‍വി വര്‍ഗ്ഗീസിനെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ശ്രീ. ശ്രീജിത്ത്.സി.കെ. അനുസ്മരിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ടീച്ചറെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ 'മധുരച്ചൂരല്‍' എന്ന പംക്തിയെ ആസ്പദമാക്കിയുള്ള അനുസ്മരണം കുട്ടികളില്‍ ഗുരുശിഷ്യബന്ധത്തിന്റെ തീവ്രതയെ അനുഭവവേദ്യമാക്കി. പിന്സിപ്പാള് ബിന്ദു എലിസബത്ത് കോശി, പി.ടി.എ. പ്രസിഡന്റ് ആനന്ദപ്പള്ളി സുരേന്ദ്രന് എന്നിവര്‍ ആശംസാപ്രഭാഷണം നടത്തി വിദ്യാര്‍ത്ഥി സിബി വില്ല്യംസ് കൃതജ്ഞത രേഖപ്പെടുത്തിയതോടെ യോഗം അവസാനിച്ചു.
Comments
Post a Comment